ബിസിനസ് സംരംഭക സംഗമങ്ങള്‍ക്ക് വേദിയൊരുങ്ങുന്നു
text_fieldsകൊച്ചിയില്‍ വീണ്ടും ബിസിനിസ് സംരംഭക സംഗമങ്ങള്‍ക്ക് വേദിയൊരുങ്ങുന്നു. ഈയാഴ്ച വനിതാ സംരംഭക സംഗമത്തിനാണ് വേദിയൊരുങ്ങുന്നതെങ്കില്‍ ഫെബ്രുവരിയില്‍ ചെറുകിട-ഇടത്തരം സംരംഭകരുടെ സംഗമത്തിനാണ് അവസരമൊരുങ്ങുക. രണ്ടിനും മുന്‍കൈയെടുക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളാണ്.
അന്തര്‍ദേശീയ വനിതാ സംരംഭക ദിനമായ നവംബര്‍ 19ന് സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന് കീഴിലുള്ള വനിതാ സംരംഭക മിഷനാണ് (വി മിഷന്‍) ‘വി സമ്മിറ്റ് 2015 എന്ന പേരില്‍ വനിതാ സംരംഭക സംഗമത്തിന് വേദിയൊരുക്കുന്നത്. വനിതകളുടെ വ്യവസായ സംരംഭം സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനും സംരംഭക അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് ഈ സംഗമം ഒരുക്കുന്നതെന്ന് കെ.എസ്.ഐ.ഡി.സി വൃത്തങ്ങള്‍ അറിയിച്ചു.
സഹകരണം, നെറ്റ്വര്‍ക്കിങ്, വ്യവസായ സംരംഭങ്ങള്‍, വിപണനം, സാമ്പത്തിക -സാങ്കേതിക സഹായം, പരിശീലനം തുടങ്ങിയവയില്‍ അറിവും അനുഭവവും പങ്കുവെക്കുന്നതിനുള്ള അവസരമാണ് ഒരുക്കുക. വിവിധ മേഖലകളില്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍, മുഖാമുഖം, പ്രമുഖ വനിതാ സംരംഭകരുമായി സംവാദം, മികച്ച സംരംഭകരെ ആദരിക്കല്‍ തുടങ്ങിയവ നടക്കും.
രണ്ടായിരം വനിതാ സംരംഭകര്‍ സംഗമത്തിനത്തെുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
ചെറുകിട, ഇടത്തരം സംരംഭകര്‍ക്കായി ഫെബ്രുവരിയില്‍ സംസ്ഥാന വാണിജ്യ, വ്യവസായ വകുപ്പാണ് കേരള ബിസിനസ്-ടു-ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നത്. 200 സംരംഭകര്‍ പങ്കെടുക്കും. ഫെബ്രുവരി നാലുമുതല്‍ ആറുവരെ നെടുമ്പാശ്ശേരിയിലെ സിയാല്‍ ട്രേഡ് ഫെയര്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററിലാണ് ബി-ടു-ബി മീറ്റ് നടക്കുക.
ഭക്ഷ്യ സംസ്കരണം, കൈത്തറി, ടെക്സ്റ്റൈല്‍സ്, ഗാര്‍മെന്‍റ്്സ്, റബര്‍, തടിവ്യവസായം, ആയുര്‍വേദ-ഒൗഷധസസ്യ സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍, എന്‍ജിനീയറിങ് (ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്), കരകൗശല ഉല്‍പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍നിന്നുള്ള സംരംഭകരാണ് ബി ടു ബി മീറ്റില്‍ പങ്കെടുക്കുകയെന്ന് വ്യവസായ, വാണിജ്യ ഡയറക്ടര്‍ പി.എം. ഫ്രാന്‍സിസ് അറിയിച്ചു.
ബി-ടു-ബി മീറ്റില്‍ വാണിജ്യ മേഖലയിലെ പ്രതിനിധികള്‍ക്കും വ്യാപാരികള്‍ക്കും കയറ്റുമതി സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്കും മുന്നിലാണ് ഈ സംരംഭകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.